Sunday, 29 January 2012

വികാരങ്ങളും വിശ്വാസങ്ങളും



വിജനതയിലും ഏകാന്തതയിലും മനസ്സ് വികാരങ്ങളുടെ കൂടാരം കയറുന്നു.മനുഷ്യനിത്രയും വികാരജീവിയല്ലായിരുന്നെങ്കിൽ അവന്റെ അവസ്ഥയെന്തായിരുന്നു.വികാരവും മനുഷ്യന്റെ വിശ്വാസങ്ങളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.വിശ്വാസങ്ങൾ എവിടെ നിന്നെത്തി? കൂടെ പിറന്നതാണോ? ഒരിക്കലുമല്ല.അത് അജ്ഞതയിൽ നിന്നും ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.ഏതിനെപ്പറ്റിയൊക്കെ നമ്മുക്ക് അറിവില്ലാതിരിക്കുന്നുവോ ,അവിടെ പതുക്കെ പതുക്കെ ചില വിശ്വാസങ്ങൾ കടന്നു കയറ്റം നടത്തുന്നു.ഇതെല്ലാം എവിടെ നിന്നും വരുന്നുയെന്നചിന്ത തന്നെ ബാലിശമാണ്,ഒരു പക്ഷെ ആശ്രയത്വങ്ങളാണ് വിശ്വാസങ്ങൾക്ക് ബലം നൽകുന്നതെന്ന് തോന്നും.ഒരാളിൽ പടിപടിയായ് ഉടലെടുക്കുന്ന വിശ്വാസം അവന്റെ അശ്രയത്വത്തിൽ ജീവിക്കുന്നവരിലേക്കും സമൂഹത്തിലേക്കും പടിപടിയായ് പടരുന്നു.ആശ്രിയത്വങ്ങൾ അവൻ അവന്റെതെന്നു കരുതുന്ന സമ്പത്തുകൊണ്ടോ അറിവുകൊണ്ടോ അല്ല ഉണ്ടാവുന്നത് മനസ്സിലുണ്ടാവുന്ന അടിമത്ത ചിന്തയുടെ ബലപ്പെടലാണത്.മനസ്സിന്റെ വെറും തോന്നലുകൾ നമ്മുടെ ഭയത്തിൽ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴിയാണത്.ഭാര്യ ഭർത്താവിനെയും മക്കൾ മാതാപിതാക്കളെ ആശ്രയിക്കുന്നതായും ജനങ്ങൾ ഭരണകൂടത്തെ ആശ്രിയിക്കുന്നതായും കരുതപ്പെടുന്നു.പക്ഷെ ഇതെല്ലാം നേരെ തിരിച്ചും ശരിയാണെന്നു വരും ഇവരൊന്നുമില്ലെങ്കിൽ  മറ്റുള്ളവർക്കും നിലനിൽ‌പ്പില്ല.അല്ലെങ്കിൽ അവരെന്തുചെയ്യും തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ ചിലതെല്ലാം അവർക്ക് ചെയ്യേണ്ടിവരുന്നു.അവർക്ക് അവരുടേതായ ചിലതുണ്ട് വിശ്വാസങ്ങൾ ആ വിശ്വാസങ്ങളാണ് ആശ്രയത്വങ്ങൾ.
        നമ്മുക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ എന്തുതോന്നും ഭ്രാന്താകുന്നതുപോലെയാവും .അതിനാലാണ് ഉറക്കം വന്നില്ലെങ്കിൽ പോലും ഉറക്കം വന്നതായ് തോന്നുന്നത് .ഇതൊരുതരം ഒളിച്ചോട്ടമാണ് .ശൂന്യതയെ നാം ഭയപ്പെടുന്നു.ശൂന്യതയിൽ നമ്മുക്ക് നിലനിൽക്കാനാവില്ല.അതിനാൽ ഉറങ്ങുവാനാരംഭിക്കുന്നു.ഉറക്കത്തിൽ പലവിധത്തിലുള്ള സ്വപ്നങ്ങൾ കാണുന്നു അങ്ങനെ വിശ്വാസങ്ങളെ കൂടുതൽ ഊട്ടിയുറപ്പിക്കുവാനുള്ള കരുത്ത് ലഭിക്കുന്നു.
        സത്യത്തിൽ ആർക്കും ആരെയും സഹായിക്കാനാവില്ല.ഇതെല്ലാം നമ്മൾ നമ്മുടെ തൻപോരുമക്കായ് നാം ചെയ്യുന്നതാണ്.ഞാനിപ്പോൽ എഴുതുന്നതും അതിനായ് തന്നെ ,പക്ഷെ ആ ബോധം എന്നെ ചൂഴ്ന്നു നൽക്കുന്നു.ഭാര്യക്ക് ഭർത്താവിനെയോ മക്കളെയോ നേരേ തിരിച്ചോ ഒന്നും.ഇതെല്ലാം ഒരു സ്വയം തൃപ്തിപ്പെടുത്തലാണ്.മനസ്സിൽ ഉറച്ചുപോയ ചില വിശ്വാസങ്ങളെ ബലപ്പെടുത്താനായി ചെയ്യുന്നവ.വിശ്വാസങ്ങൾക്ക് മുറിവേൽക്കുമ്പോൾ തീവ്രവികാരങ്ങളുണ്ടാവുന്നു.എന്നാൽ വിശ്വാസങ്ങളില്ലെങ്കിൽ തീവ്രതയും കുറയും.ഭാര്യ രാവിലെ കാപ്പി തരാതിരുന്നാൽ ഭർത്താവ് കോപിക്കുന്നു.ഭാര്യ രാവിലെ കാപ്പിതരുമെന്ന വിശ്വാസത്തിനുമുറിവേറ്റിരിക്കുന്നു.എന്നാൽ രാവിലെ കാപ്പികിട്ടുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽ കോപം ഉണ്ടാവുമായിരുന്നില്ല.
        ദിവസത്തിൽ നാം പലതും മറക്കുന്നു,വാച്ചെടുക്കാനും ഭക്ഷണപ്പൊതിയെടുക്കാനുമെല്ലാം.പക്ഷെ വിശ്വാസങ്ങളെ മറന്നതായ് ആരും പറയുന്നതായ് കേട്ടിട്ടില്ല.വേരുറച്ചുപോയ വിശ്വാസങ്ങളെ തൂത്തെറിയുകയെന്നത് മരണഭയം പോലെയൊന്നാണ്.നമ്മൾ തന്നെ ഇല്ലാതാകുന്നതുപോലെ തോന്നും .ഒരുപക്ഷെ അൽഷിമേഴ്സ് രോഗിയെപ്പോലെ അന്തംവിട്ട് നിന്നുപോകും.ഏതെങ്കിലും കാര്യം ചെയ്യേണ്ടിവരുമ്പോൾ ഇതെവിടുന്ന് കിട്ടിയെന്നാലോചിച്ച് നോക്കൂ പുറകിലേക്ക് പോയ് പോയ് ഉത്തരമില്ലാതെ നാം നിൽക്കും .അതിന്റെ കാരണങ്ങൾ തേടി യാത്രപോയ് മടങ്ങുമ്പോൽ ഒരു ശാന്തത നമ്മുക്കനുഭവപ്പെടും ,ഇതൊരു ചെറിയ തിരിച്ചു പോക്കാണ്,യാത്ഥാർഥ്യത്തിലേക്കുള്ളത്.
        ഞാനാലോചിക്കുകയായിരുന്നു ഈ നിലാവിന് ഇത്ര ശോഭയുണ്ടെന്ന് ആരാണെന്നോട് പറഞ്ഞത് ,സത്യത്തിലിത് ശാന്തതയും സൌന്ദര്യവുമാണോ അതൊ മറ്റെന്തെങ്കിലും ..!നാം തലമുറകളായ് കൈമാറിവന്നത് നിലാവിന് ശാന്തതയും സൗന്ദര്യവുമാണെന്ന വിശ്വാസവും വികാരവുമാണ്.പക്ഷെ ആ വിശ്വാസത്തെ പൂർണമനസ്സോടെ ഒരു നിമിഷം ഞാൻ വിസ്മരിച്ചു,ഈ വിശ്വാസത്തെ മറികടക്കുകയെന്നത് കഠിനം തന്നെ .എപ്പോഴെങ്കിലും മറ്റൊരു വിശ്വാസം വരും വരെ ഞാനിങ്ങനെ തന്നെ വിശ്വസിക്കട്ടെ,നിലാവിന് ശോഭയുണ്ടെന്ന്.

28 comments:

  1. വിശ്വാസം അതല്ലെ എല്ലാം.. എന്നു പറഞ്ഞ് ഒഴിയുകയല്ല, ആ പരസ്യ വാചകം പോലെ നമ്മുടെ ലോകവും ചുരുങ്ങിയിരിക്കുന്നു..
    പ്രതീക്ഷകളും വിശ്വാസങ്ങളും തകര്‍ക്കപ്പെടുന്നു...കാരണങ്ങള്‍ തേടി ഒരു തിരിച്ചു പോക്ക് നല്ലതു തന്നെയാണ്.. പക്ഷേ ആരു പോകും. നീയോ ഞാനോ വലുത് ? !

    ReplyDelete
    Replies
    1. നീയും ഞാനുമല്ല വലുത് നമ്മളെല്ലാം സമന്മാരാണെന്ന ബോധം ശരിയായ ചിന്തയിലൂടെ വളർത്തുകയെന്നതല്ലേ ശരി.സ്വയം ആ ചിന്ത പടി പടിയായ മനനത്തിലൂടെ നേടാൻ നമുക്കാവും.

      Delete
  2. "നാം തലമുറകളായ് കൈമാറിവന്നത് നിലാവിന് ശാന്തതയും സൗന്ദര്യവുമാണെന്ന വിശ്വാസവും വികാരവുമാണ്." വളരെ ശരിയാണ്. പണ്ട് എനിക്ക് മഴ വെറുപ്പായിരുന്നു. പിന്നെ എപ്പഴോ ഞാന്‍ ആശ്രയിക്കുന്ന ജനവിഭാഗം മഴയ്ക്ക്‌ സൗന്ദര്യവും കാല്‍പ്പനികതയും ഉണ്ടെന്നു
    പറഞ്ഞു വാഴ്ത്തുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഇപ്പൊ ഞാനും വിശ്വസിക്കുന്നു ... വാഴ്ത്തുന്നു മഴ സൌന്ദര്യമാണ് ... കല്പ്പനികമാണ് !

    ReplyDelete
    Replies
    1. വിശ്വാസങ്ങളെ വലിച്ചെറിഞ്ഞ് സത്യമെന്താണെന്ന അന്വേഷണമാണ് കരണീയം.ആ അന്വേഷണത്തിന് ശരിയായ ചിന്തയും പ്രവർത്തിയും ആവശ്യമാണെന്ന് ഞാൻ പറയും ,പക്ഷെ ശരിയായ ചിന്തയും പ്രവർത്തിയും ഏതാണെന്ന അന്വേഷണവും അതിന്റെ കണ്ടെത്തലും ദുഷകരമാണ്.

      Delete
  3. നമ്മളെല്ലാം സമന്മാര്‍ എന്ന ചിന്ത ഇന്നത്തെ സമൂഹത്തില്‍ വേരോടുമോ ?
    വേരോടും എന്നൊരു വിശ്വാസം എനിക്കില്ലാത്തതിനാല്‍ ...
    ഞാന്‍ ഇന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ അങ്ങിനെ തന്നെയിരിക്കട്ടെ .
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ങൾ പറഞ്ഞത് ഭീരുത്വമാണ് ,നടപ്പില്ലാത്ത കാര്യങ്ങൾ സ്രിഷ്ടി നടത്തുന്നില്ല.വിശ്വാസങ്ങൾക്ക് ഇന്നലെ ഇന്ന് നാളെ എന്നൊന്നില്ല ,ഇപ്പോൾ നമ്മൾ കരുതുന്ന ശരി നാളെ ശരിയാവില്ല.പ്രിയ വേണു ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല.ശ്രമങ്ങളാണ് നമ്മെ ജീവിപ്പിക്കേണ്ടത്....

      Delete
  4. നിരന്തരമായ കലഹങ്ങൾ ജീവിതത്തോട് നടത്തുക വഴി മാത്രമെ ഇതെല്ലാം ശരിയാകൂ,എത്രപ്പേർ അതിനു തയ്യാറാകും..

    ReplyDelete
    Replies
    1. അതെ നിരന്തരമായ കലഹങ്ങൾ,പക്ഷെ പുറത്തെ കലഹമല്ല ആദ്യമുണ്ടാവേണ്ടത് അത് ആന്തരികമായിരിക്കണം.ആന്തരിക കലഹത്തിന്റെ അവസാനത്തിൽ പുറതത്തെ കലഹങ്ങൾ കാണാനോ ബാധിക്കാനൊ പോകില്ല.

      Delete
  5. വിശ്വാസം രക്ഷിക്കട്ടെ.

    ReplyDelete
    Replies
    1. വിശ്വാസങ്ങൾ നമ്മെ രക്ഷിക്കില്ല ശിക്ഷിക്കുകയെയുള്ളൂ.വിശ്വാസങ്ങളിൽ നിന്നുള്ള നിരന്തരമായ കൊഴിഞ്ഞ് പോക്കാണ് ശരിയായ പാതയിലെ പാത.

      Delete
  6. പണ്ടത്തെ ഒരു കഥയില്ലെ, ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന ആളോട് വേറൊരാള്‍ പറ്യന്നത്.ഈ ചൂണ്ടയൊക്കെ ഒഴിവാക്കി വള്ളൊം വലേം വാങ്ങണം, ധാരാ‍ളം മീന്‍ കിട്ടും, പിന്നെ ബോട്ട്,വലിയ വീട്, കാര്‍ അങ്ങനെ അങ്ങനെ.ഇതൊക്കെ എന്തിനാന്ന് ചോദിച്ചപ്പോള്‍ സുഖവും സമാധാനവും ഉണ്ടാകും എന്ന മറുപടി. അതൊക്കെ ഇപ്പോ എനിക്ക് വേണ്ടുവോളം ഉണ്ടല്ലൊ എന്ന മറു മറുപടി. ഈ വിശ്വാസങ്ങളും ചിന്തകളും ആശ്രയത്വവും എല്ലാമായ് ഒരാള്‍ക്ക് ഒന്നുമില്ലായമയില്‍ നിന്നും കിട്ടുന്ന സുഖം ലഭിക്കുന്നെങ്കില്‍ അങ്ങനന്നെ അല്ലെ നല്ലത്. ഈ പറയുന്ന ആരോടും ഒന്നിനോടും കടപ്പാടും ആശ്രയത്വവും വിശ്വാസവും ഇല്ലാത്ത അനാര്‍ക്കി സ്റ്റൈല്‍ ഇവിടെ പലരും പാടി നടന്നിരുന്നു പണ്ട്, കഥകളിലും കവിതകളിലും മറ്റും, ഒരു തലമുറയെ മുഴുവന്‍ ഭ്രമിപ്പിച്ചിരുന്നു അവര്‍, അവരെല്ലാരും ഇപ്പോള്‍ വെല്‍ സെറ്റില്‍ഡാണ് .

    ReplyDelete
    Replies
    1. പുറമെ നമ്മളെന്തൊകെയാണെന്നു കരുതിയാലും അകമെ നമ്മൾ വെറും പുഴുക്കളായിരിക്കുന്നു.മുല്ല പറഞ്ഞത് പുറമെയ്ക്ക് സുഖം തരുന്ന കാര്യങ്ങൾ ഞാൻ പറയുന്നത് അകമേക്ക് സുഖം തരുന്നവ.നമ്മുടെ മാനസികാവസ്ഥക്കനുസരിച്ച് മാത്രമെ ഒരാൾക്ക് ചിന്തിക്കാനാവൂ .പുറമെയെന്തൊക്കെ നേടിയാലും അകമെ നാമ്മെല്ലാവരും അസംത്രിപ്തി അനുഭവിക്കുന്നു.ഞാനതിൽ നിന്നും മോചിതനാണെന്ന് ഞാൻ പറയുന്നില്ല,പക്ഷെ ആ ചിന്തകളെന്നെ വേട്ടയാടുന്നു.മുല്ല കമ്മ്യൂണിസ്റ്റുകളെയാണുദ്ദേശിച്ചതെങ്കിൽ അവർ പുറമെ സമത്വം അകതില്ലാതെ ഉണ്ടാക്കാൻ യത്നിച്ചവരായിരുന്നു,അതിനാൽ തന്നെ പ്രലോഭനങ്ങൾ എല്ലാവർക്കം ഉള്ളതുപോലവർക്കുമുണ്ടാകുന്നു.
      ഒരു ചിന്ത വരുമ്പോൾ അത് ശരിയോ തെറ്റോയെന്ന് ചിന്തിച്ച് പോകുന്നത് നല്ലതാവും.

      Delete
  7. മുല്ല പറഞ്ഞതാണ് അതിന്റെ ശരി. വയറു നിറഞ്ഞു ഇരിക്കുന്നവന്റെ വേദാന്തമാണ് ഈ കേള്‍ക്കുന്നതെല്ലാം. വിശക്കുമ്പോള്‍ ഭക്ഷണം തന്നെ വേണം. മഴപെയ്യുമ്പോള്‍ കൂര തന്നെ വേണം. ഉടുക്കാന്‍ തുണി തന്നെ വേണം. ഇതൊക്കെ സത്യങ്ങളാണ്. ജീവിക്കാന്‍ പണം വേണം. ജോലി വേണം, അപ്പോള്‍ ഭരണകൂടവും കുടുംബവും വിശ്വാസങ്ങളും ഒക്കെ ഇടപെടും. യാധാര്ത്യത്തിലേക്ക് ഇറങ്ങി വരൂ മാഷെ.

    ReplyDelete
    Replies
    1. ഭാനു മുകളിൽ പറഞ്ഞതു വായിക്കുമെന്നു കരുതുന്നു,ശരീരത്തിനുള്ളിൽ എവിടെയോ മനസ്സും ആത്മാവുമുണ്ടെന്ന് പറയപ്പെടുന്നു.അതിന്ന്റ്റെ വിശപ്പ് ശമിപ്പിക്കാനുള്ള ബാദ്യതകൂടിയീ ശരീരത്തിനുണ്ട് ,പുറത്തുള്ളവ അകംശാന്തമാകുമ്പോൾ തനിയെ ശരിയായ് വരും.എന്നാൽ പുറം ശാന്തമായതിനു ശേഷം ഉള്ളിലന്വേഷിക്കാനിരുന്നാൽ അത് നടക്കില്ല,പിന്നെ സ്വന്തം ചിന്തക്കപ്പുറം ,സ്വന്തം പരിമിതികൾക്കപ്പുറമാണിവ അതിനാൽ തന്നെ ശക്തമായ സംഘർഷം സ്വാഭാവികമാണ്.അതിനെ ഞാനുകൊള്ളുന്നു.

      Delete
  8. ഭ്രാന്തമായ ചിന്തകള്‍ എന്ന് ഒറ്റവാക്കില്‍ ഞാന്‍ പറയും... എന്നാല്‍ ഇത്തരം ചിന്തകള്‍ പല സമയങ്ങളിലും എന്നെയും ശല്യപെടുത്തുന്നു... കുറെ ചിന്തിച്ചു കഴിയുമ്പോള്‍ എന്തിനാ ഈ ജീവിതം എന്ന് വരെ തോന്നി പോയിട്ടുണ്ട്...

    ReplyDelete
    Replies
    1. നമ്മിലെ ചിന്തകളെ നമ്മൾ ഭയപ്പെടുന്നുയെന്നതാണ് മുകളിൽ പറഞ്ഞതിനാധാരം ,സ്വന്തം ചിന്തകളെ വേർതിരിച്ച് അടുക്കുകയെന്നതാണിതിനു പ്രതിവിധി.എന്തെല്ലാം ഭ്രാന്താണെന്നും ആരെല്ലാം ഭ്രാന്തെന്മാരാണെന്നും കാലമാണ് തെളിയിക്കേണ്ടത് ,അങ്ങനെയൊന്നുണ്ടെങ്കിൽ...

      Delete
  9. താങ്കളുടെ ഈ എഴുത്ത് തന്നെ ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഞാൻ എഴുതുന്നത് നാല് പേർ വായിക്കും എന്നുള്ള അമിതാത്മവിശ്വാസം. ആ ആത്മവിശ്വാസത്തെ ഞാൻ മുറിവേൽപ്പിക്കുന്നില്ല. ലോകത്തെല്ലാതും നിലനിൽക്കുന്നത് ഈ ഒരു വിശ്വാസത്തിന്റെ ബലത്തിന്മേലാണ്. അത് തകരാൻ സാധ്യതയില്ലാത്തതായ ഒരു വിശ്വാസമാണ്. എന്തായാലും നാലുപേർ വായിക്കും എന്ന താങ്കളുടെ വിശ്വാസം താങ്കളേയും ബ്ലോഗ്ഗിനേയും രക്ഷിക്കട്ടെ. ആശംസകൾ.

    ReplyDelete
    Replies
    1. അതെ എന്റെ എഴുതു തന്നെ ഒരു വിശ്വാസമാണ് ,പക്ഷെ വായിച്ചാലിം ഇല്ലെങ്കിലും എഴുതുകയെന്നുള്ളതും ചില വിശ്വാസങ്ങളാണ്.

      Delete
  10. വിശ്വാസങ്ങൾ എവിടെ നിന്നെത്തി? കൂടെ പിറന്നതാണോ? ഒരിക്കലുമല്ല.അത് അജ്ഞതയിൽ നിന്നും ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.ഏതിനെപ്പറ്റിയൊക്കെ നമ്മുക്ക് അറിവില്ലാതിരിക്കുന്നുവോ ,അവിടെ പതുക്കെ പതുക്കെ ചില വിശ്വാസങ്ങൾ കടന്നു കയറ്റം നടത്തുന്നു. അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നുമാണോ വിശ്വാസങ്ങള്‍ ഉടലെടുക്കുന്നത്? ആ അവസ്ഥയില്‍ സംശയങ്ങളല്ലേ ഉടലെടുക്കുക? അന്ധവിശ്വസമാണോ ഉദ്ദേശിച്ചത്? വ്യക്തമായി മനസ്സിലാക്കുകയും, അറിവ് നേടുകയും ചെയ്യുംബോഴല്ലേ നാം വിശ്വസിക്കുക?

    ReplyDelete
  11. വ്യക്തമായ് മനസ്സിലാക്കിയാണോ നാമെല്ലാം നമ്മുടെ വിശ്വാസങ്ങൾ രൂപപ്പെടുത്തുന്നത് ,ഒരിക്കലുമല്ല.നാം നമ്മുടെ സമൂഹത്തിൽ ഇതുവരെ നിലനിന്ന ചില കാര്യങ്ങൾ മനസ്സിൽ വച്ച് ,അല്ലെങ്കിൽ ശരിയെന്ന് വിശ്വസിച്ച് വിശ്വാസങ്ങളെ രൂപപ്പെടുത്തുകയാണ്.ഈശ്വരവിശ്വാസമുള്ളയൊരാൾക്ക് അത് ശരിയായ ബോധ്യം വഴിയുണ്ടായതാവുമോ?

    ReplyDelete
  12. എല്ലാവര്‍ക്കും തിരിച്ചറിവുകള്‍ വരുന്ന കാലം അകലെയാണ്, അതാഗ്രഹിക്കുന്നവരേക്കാള്‍ കൂടുതല്‍ തടസ്സപ്പെടുത്തുന്നവരാണ്. അതിനുള്ള മാധ്യമങ്ങാള്‍ പലതാണ്.

    ReplyDelete
    Replies
    1. ആ കുറച്ചുപേരിൽ ഒരാളാകാനുള്ള ശ്രമമാണു വേണ്ടത്...

      Delete
  13. ശൂന്യതയെ ഭയപെടാതിരിക്കുമ്പോള്‍ പലചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ലാതാവുന്നു അപ്പോള്‍ പ്പിനെ ഒരു ശൂന്യത ജീവിതലക്ഷ്യത്തിന് അനിവാര്യം ആണ്

    ReplyDelete
    Replies
    1. ഭയത്തിൽ നിന്നും മോചനം സാധ്യമാവണമെങ്കിൽ അസാധാരണമായ ധൈര്യം വേണം,ആശംസകൾ...

      Delete
  14. ലോകസംസക്കാരങ്ങള്‍ കേട്ടിപടുക്കപ്പെട്ടതും പുലര്‍ന്നു പോകുന്നതും ചില വിശ്വാസങ്ങളുടെ പുറത്താണ്. കാര്യങ്ങളുടെ പുറം തോടാണ് വിശ്വാസം,പ്രദമദൃഷിട്യ ബോധ്യമാക്കപെടുന്നത്. കാരണം അതിനുള്ളില്‍ തന്നെ കാണും.It may be invisible to naked eye.ചിന്തകളുടെ ഈ പകര്‍ത്തിയെഴുത്ത്‌ ഇഷ്ട്ടപ്പെട്ടു..

    ReplyDelete
    Replies
    1. വിശ്വാസങ്ങളെ വിശ്വാസങ്ങളായും ജീവിതത്തെ മറ്റുചിലതിനായുള്ള അന്വേഷ്ണങ്ങളായും കാണണം.

      Delete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...