Sunday 29 January 2012

വികാരങ്ങളും വിശ്വാസങ്ങളും



വിജനതയിലും ഏകാന്തതയിലും മനസ്സ് വികാരങ്ങളുടെ കൂടാരം കയറുന്നു.മനുഷ്യനിത്രയും വികാരജീവിയല്ലായിരുന്നെങ്കിൽ അവന്റെ അവസ്ഥയെന്തായിരുന്നു.വികാരവും മനുഷ്യന്റെ വിശ്വാസങ്ങളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.വിശ്വാസങ്ങൾ എവിടെ നിന്നെത്തി? കൂടെ പിറന്നതാണോ? ഒരിക്കലുമല്ല.അത് അജ്ഞതയിൽ നിന്നും ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.ഏതിനെപ്പറ്റിയൊക്കെ നമ്മുക്ക് അറിവില്ലാതിരിക്കുന്നുവോ ,അവിടെ പതുക്കെ പതുക്കെ ചില വിശ്വാസങ്ങൾ കടന്നു കയറ്റം നടത്തുന്നു.ഇതെല്ലാം എവിടെ നിന്നും വരുന്നുയെന്നചിന്ത തന്നെ ബാലിശമാണ്,ഒരു പക്ഷെ ആശ്രയത്വങ്ങളാണ് വിശ്വാസങ്ങൾക്ക് ബലം നൽകുന്നതെന്ന് തോന്നും.ഒരാളിൽ പടിപടിയായ് ഉടലെടുക്കുന്ന വിശ്വാസം അവന്റെ അശ്രയത്വത്തിൽ ജീവിക്കുന്നവരിലേക്കും സമൂഹത്തിലേക്കും പടിപടിയായ് പടരുന്നു.ആശ്രിയത്വങ്ങൾ അവൻ അവന്റെതെന്നു കരുതുന്ന സമ്പത്തുകൊണ്ടോ അറിവുകൊണ്ടോ അല്ല ഉണ്ടാവുന്നത് മനസ്സിലുണ്ടാവുന്ന അടിമത്ത ചിന്തയുടെ ബലപ്പെടലാണത്.മനസ്സിന്റെ വെറും തോന്നലുകൾ നമ്മുടെ ഭയത്തിൽ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴിയാണത്.ഭാര്യ ഭർത്താവിനെയും മക്കൾ മാതാപിതാക്കളെ ആശ്രയിക്കുന്നതായും ജനങ്ങൾ ഭരണകൂടത്തെ ആശ്രിയിക്കുന്നതായും കരുതപ്പെടുന്നു.പക്ഷെ ഇതെല്ലാം നേരെ തിരിച്ചും ശരിയാണെന്നു വരും ഇവരൊന്നുമില്ലെങ്കിൽ  മറ്റുള്ളവർക്കും നിലനിൽ‌പ്പില്ല.അല്ലെങ്കിൽ അവരെന്തുചെയ്യും തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ ചിലതെല്ലാം അവർക്ക് ചെയ്യേണ്ടിവരുന്നു.അവർക്ക് അവരുടേതായ ചിലതുണ്ട് വിശ്വാസങ്ങൾ ആ വിശ്വാസങ്ങളാണ് ആശ്രയത്വങ്ങൾ.
        നമ്മുക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ എന്തുതോന്നും ഭ്രാന്താകുന്നതുപോലെയാവും .അതിനാലാണ് ഉറക്കം വന്നില്ലെങ്കിൽ പോലും ഉറക്കം വന്നതായ് തോന്നുന്നത് .ഇതൊരുതരം ഒളിച്ചോട്ടമാണ് .ശൂന്യതയെ നാം ഭയപ്പെടുന്നു.ശൂന്യതയിൽ നമ്മുക്ക് നിലനിൽക്കാനാവില്ല.അതിനാൽ ഉറങ്ങുവാനാരംഭിക്കുന്നു.ഉറക്കത്തിൽ പലവിധത്തിലുള്ള സ്വപ്നങ്ങൾ കാണുന്നു അങ്ങനെ വിശ്വാസങ്ങളെ കൂടുതൽ ഊട്ടിയുറപ്പിക്കുവാനുള്ള കരുത്ത് ലഭിക്കുന്നു.
        സത്യത്തിൽ ആർക്കും ആരെയും സഹായിക്കാനാവില്ല.ഇതെല്ലാം നമ്മൾ നമ്മുടെ തൻപോരുമക്കായ് നാം ചെയ്യുന്നതാണ്.ഞാനിപ്പോൽ എഴുതുന്നതും അതിനായ് തന്നെ ,പക്ഷെ ആ ബോധം എന്നെ ചൂഴ്ന്നു നൽക്കുന്നു.ഭാര്യക്ക് ഭർത്താവിനെയോ മക്കളെയോ നേരേ തിരിച്ചോ ഒന്നും.ഇതെല്ലാം ഒരു സ്വയം തൃപ്തിപ്പെടുത്തലാണ്.മനസ്സിൽ ഉറച്ചുപോയ ചില വിശ്വാസങ്ങളെ ബലപ്പെടുത്താനായി ചെയ്യുന്നവ.വിശ്വാസങ്ങൾക്ക് മുറിവേൽക്കുമ്പോൾ തീവ്രവികാരങ്ങളുണ്ടാവുന്നു.എന്നാൽ വിശ്വാസങ്ങളില്ലെങ്കിൽ തീവ്രതയും കുറയും.ഭാര്യ രാവിലെ കാപ്പി തരാതിരുന്നാൽ ഭർത്താവ് കോപിക്കുന്നു.ഭാര്യ രാവിലെ കാപ്പിതരുമെന്ന വിശ്വാസത്തിനുമുറിവേറ്റിരിക്കുന്നു.എന്നാൽ രാവിലെ കാപ്പികിട്ടുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽ കോപം ഉണ്ടാവുമായിരുന്നില്ല.
        ദിവസത്തിൽ നാം പലതും മറക്കുന്നു,വാച്ചെടുക്കാനും ഭക്ഷണപ്പൊതിയെടുക്കാനുമെല്ലാം.പക്ഷെ വിശ്വാസങ്ങളെ മറന്നതായ് ആരും പറയുന്നതായ് കേട്ടിട്ടില്ല.വേരുറച്ചുപോയ വിശ്വാസങ്ങളെ തൂത്തെറിയുകയെന്നത് മരണഭയം പോലെയൊന്നാണ്.നമ്മൾ തന്നെ ഇല്ലാതാകുന്നതുപോലെ തോന്നും .ഒരുപക്ഷെ അൽഷിമേഴ്സ് രോഗിയെപ്പോലെ അന്തംവിട്ട് നിന്നുപോകും.ഏതെങ്കിലും കാര്യം ചെയ്യേണ്ടിവരുമ്പോൾ ഇതെവിടുന്ന് കിട്ടിയെന്നാലോചിച്ച് നോക്കൂ പുറകിലേക്ക് പോയ് പോയ് ഉത്തരമില്ലാതെ നാം നിൽക്കും .അതിന്റെ കാരണങ്ങൾ തേടി യാത്രപോയ് മടങ്ങുമ്പോൽ ഒരു ശാന്തത നമ്മുക്കനുഭവപ്പെടും ,ഇതൊരു ചെറിയ തിരിച്ചു പോക്കാണ്,യാത്ഥാർഥ്യത്തിലേക്കുള്ളത്.
        ഞാനാലോചിക്കുകയായിരുന്നു ഈ നിലാവിന് ഇത്ര ശോഭയുണ്ടെന്ന് ആരാണെന്നോട് പറഞ്ഞത് ,സത്യത്തിലിത് ശാന്തതയും സൌന്ദര്യവുമാണോ അതൊ മറ്റെന്തെങ്കിലും ..!നാം തലമുറകളായ് കൈമാറിവന്നത് നിലാവിന് ശാന്തതയും സൗന്ദര്യവുമാണെന്ന വിശ്വാസവും വികാരവുമാണ്.പക്ഷെ ആ വിശ്വാസത്തെ പൂർണമനസ്സോടെ ഒരു നിമിഷം ഞാൻ വിസ്മരിച്ചു,ഈ വിശ്വാസത്തെ മറികടക്കുകയെന്നത് കഠിനം തന്നെ .എപ്പോഴെങ്കിലും മറ്റൊരു വിശ്വാസം വരും വരെ ഞാനിങ്ങനെ തന്നെ വിശ്വസിക്കട്ടെ,നിലാവിന് ശോഭയുണ്ടെന്ന്.

Friday 27 January 2012

ചിരാതുകൾ




വെളിച്ചം മനുഷ്യന് മിഥ്യകളാണ് കാട്ടുന്നത് എന്നാൽ ഇരുട്ടിൽ യാഥാർഥ്യങ്ങളെ തിരിച്ചറിയാനാവുന്നുമില്ല.എനിക്കറിയാവുന്നത് മലയാളഭാഷയാണ് ,തെറ്റിലാതെ അറിയാമെന്നല്ല അറിയുന്നത് എന്നുമാത്രം.
എന്നെ സംബന്ധിച്ചിടത്ത് ബ്ലോഗൊരു മരീചികയാണ്.ഇവിടെ ഞാൻ കാണുന്നത് യാഥാർഥ്യങ്ങളെയല്ല,വിനയത്തിന്റെയും അറിവിന്റെയും കപടമേലങ്കി അണിഞ്ഞവരെയാണ്.
കവിതകളിൽ ,കഥകളിലെല്ലാം പ്രണയത്തിന്റെ അതിപ്രസരം.
സ്നേഹിക്കുന്നവരുടെ മുഖത്തു നോക്കി വേദനിപ്പിക്കുന്നവ പറയകയെന്നത് അതീവ ദു:ഖകരമാണ് .എന്നാൽ പറയാതിരുന്നാൽ അവർ നന്നാവാനുള്ള അവസരമാണു നാം നഷ്ടപ്പെടുത്തുന്നത്.
എന്റെ മനസ്സ് ആകാശം പോലെയാകുന്നു.അതിന് സഞ്ചരിക്കാൻ അതിർവരമ്പുകളില്ല ദൂരേക്ക് ദൂരേക്ക് നീണ്ടുപോകുന്നവ.
ഞാൻ നിങ്ങളിലൊരാളാണ് നിങ്ങൾ എന്നെപ്പോലൊരാളും .
സഹനം ചിലർക്ക് ജന്മസിദ്ധമാണ്,മറ്റു ചിലർക്ക് സ്വയാർജ്ജിതവും.അതിനാൽ തന്നെ ആർക്കും നേടാനാവാത്തതെന്ന് പറയാനാവില്ല.
ഇനിയെന്റെ ചിന്തകൾ നിങ്ങളുടേതു കൂടിയാവണം.
സ്വയം തുറന്നുകാട്ടുമ്പോൽ ആരാണെന്ന് എന്തിനു ചോദിക്കണം.ഈ ഭൂമിയിൽ ഒന്നും അനശ്വരമായില്ല. അനശ്വരത എന്ന വാക്കു തന്നെ നശ്വരമാണ്,അതിനാൽ ഞാനാരെന്ന ചോദ്യത്തിലർഥമില്ല.അതൊരു പൊള്ളയായ ചോദ്യമാ‍ണ് .
ഞാൻ പറയുന്നതൊന്നും സത്യമാകണമെന്നില്ല ,ഇവയെല്ലാം സങ്കൽ‌പ്പങ്ങളാ‍ണ് ഞാനും.